മൂന്നാര്: മൂന്നാറിൽ പാർക്കിംഗ് തോന്നുംപടിയായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. സമീപകാലത്തായി ഇരുചക്ര വാഹനങ്ങള് നടപ്പാതകള് പോലും കൈയേറി പാര്ക്ക് ചെയ്യുന്നത് കാൽനട യാത്രയും ദുഷ്കരമാക്കുകയാണ്. ടൗണിലെ സെന്ട്രല് ജംഗ്ഷന്, പോസ്റ്റ് ഓഫീസ് ജംഗ്ഷന്, ജി.എച്ച് റോഡ് എന്നിവിടങ്ങളിലെ അനധികൃത പാര്ക്കിംഗാണ് വലിയ പ്രശ്നങ്ങള് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ജൂലൈയിൽ മൂന്നാറില് കൂടിയ ഗതാഗത ഉപദേശക യോഗത്തില് എടുത്ത തീരുമാനങ്ങള് നടപ്പാക്കാത്തതും പ്രശ്നങ്ങള്ക്കു കാരണമാണ്. മൂന്നാര് ടൗണിലെ ഒരു ചതുരശ്ര കിലോമീറ്റര് ചുറ്റളവില് തന്നെ പതിനഞ്ച് ഓട്ടോ സ്റ്റാന്ഡുകളാണുള്ളത്. ഇത്രയും സ്റ്റാന്ഡുകളിലായി നൂറുകണക്കിന് ഓട്ടോകളുമുണ്ട്. ഓട്ടോയുടെ എണ്ണം ഓരോ ദിവസവും വർധിക്കുന്നതും പ്രതിസന്ധി വർധിപ്പിക്കുന്നു.
ഇത്രയും ഓട്ടോകൾ ഉള്ക്കൊള്ളാനുള്ള സ്ഥലപരിമിതി തന്നെയാണ് കാരണം. സ്റ്റാന്ഡുകളില് നിര്ത്തിയതിനു ശേഷം ഓട്ടം പോകാതെ ദീര്ഘനേരം ഓട്ടോകള് നിര്ത്തിയിടുന്നതും നിരവധി ആക്ഷേപങ്ങള്ക്ക് കാരണമാകുന്നുണ്ട്.
പരാതി ഉയര്ന്നതോടെ കഴിഞ്ഞ ദിവസം മൂന്നാര് സ്റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് മൂന്നാര് ടൗണിലെ വിവിധ സ്റ്റാന്ഡുകളില് പരിശോധന ശക്തമാക്കിയിട്ടുണ്ട്.